Sunday, August 12, 2007

എന്റെ കൊച്ചു ഹാര്‍ഡ് വെയര്‍

റ്റൈറ്റില്‍ കണ്ട് ഈ കമ്പ്യൂട്ടറിന്റെ‍ ഹാര്‍ഡ് വെയറിനെ കുറിച്ചൂള്ള വിജ്ഞാനപരമ്പര ആണെന്നു പ്രതീക്ഷിച്ചു വന്നവര്‍‌ തിരിച്ചു പൊക്കോളൂ… അതിനെ കുറിച്ചൊക്കെ എഴുതണമെന്നു ആഗ്രഹം ഉണ്ടെങ്കിലും അതിലുള്ള അസാമാന്യമായ അവഗാഹം മൂലം ഞാന്‍ ആ പാതകം ചെയുന്നില്ല..ഇതു വേറെ ഒരു ഹാര്‍ഡ് വെയറിനെ കുറിച്ചാ..എന്താണെന്നു ക്ലൈമാക്സിലെ പറയൂ..ആരും ആദ്യം ക്ലൈമാക്സു നോക്കരുതു..

ഒരു ചെറിയ കാര്യമാണു പരത്തി എഴുതി മിക്കവാറും കുളമാകാന്‍ സാധ്യത ഉണ്ടേ..(ഗ്യാരണ്ടി എടുത്തു)

ഞാനേ കഴിഞ്ഞ ദിവസം ജോലികളൊക്കെ കഴിഞ്ഞു ബസില്‍‌ ഇങ്ങനെ വരുകയാരുന്നു..ഈ 50 ഡിഗ്രീ ചൂടില്‍‌ പുകഞ്ഞുപുകഞ്ഞു പുറത്തെ നരച്ച പ്രക്രുതി കാണുമ്പൊ ഞാന്‍ കണ്ണടക്കും, എന്നിട്ടു വീടിനടുത്തുള്ള വയലിലെ കാറ്റു കൊണ്ടു മാവിന്റെ ചോട്ടില്‍‌ ഇങ്ങനെ മയങ്ങുകയാണെന്നു സങ്കല്‍പ്പിക്കും...അല്ലെങ്കില്‍‌ ചിലപ്പൊ സ്വിറ്റ്സര്‍‌ലാന്റിലെ വല്യ കുന്നിന്റെ താഴ്വാരത്തുള്ള ഗാര്‍‌ഡന്റെ ഇടയില്‍‌‌ കൂടി പതിയെ പതിയെ പൂവൊക്കെ പിടിച്ചു നടക്കുന്നതായും ഒാര്‍‌ക്കും അപ്പൊ നല്ല സുഖം സമയവും പോകും ..അന്നും പതിവു പൊലെ ഞാന്‍ എന്തൊ വല്യ ഭാവികാര്യങ്ങളൊക്കെ ആലോചിച്ചു ഇങ്ങനെ മാവിഞ്ചൊട്ടില്‍ കിടക്കുകയാരുന്നു..അപ്പൊളാണു ഒരു ചെറിയ ഭൂമികുലുക്കം.പുറമെ എന്റെ ഷോളില്‍ ഒരു വലിവും. നോക്കിയപ്പൊ അടുത്തൊരു സുന്ദരി….ജീന്‍സ് കുര്‍‌ത്ത വേഷം എന്റെ ഷോളില്‍ കേറി ഇരുന്നതാണു..പിന്‍ ചെയ്തു വച്ചയിടം കുറച്ചു കീറിയെന്നു തോന്നുന്നു . പതുക്കെ ഇരുന്നൂടെ ഇതിനു എന്നോര്‍ത്തു ഞാന്‍ ഷോള്‍ വലിച്ചെടുത്തു ഒന്നു പുഞ്ചിരിച്ചു.. പകരം ഒരു അവജ്ഞ നോട്ടം .. ഒാ‍ാാ എന്റെ പൂപുഞ്ചിരി പിടിച്ചില്ല എന്നു തോന്നുന്നു…..
ഹ് മ്മ്മ്മ്മ് അല്ലേലും എന്റെ ഈ ചുളുങ്ങിക്കൂടിയ ചുരിദാറും കീറ്റതോര്‍‌ത്തു പോലത്തെ ഷോളും കണ്ടാല്‍‌‌ പിച്ചക്കാരിയാണെന്നേ തോന്നു..എന്നും ഒാര്‍ക്കുന്നതാ എല്ലാം തേച്ചു സുന്ദരിയായി വരണമെന്നു..പക്ഷെ രാവിലത്തെ അടുക്കള ഗുസ്തി എല്ലാം കഴിഞ്ഞു ലാസ്റ്റ് 5 മിനിട്ടിലാണു ഉടുപ്പിടല്‍,ഒരുങ്ങല്‍ എല്ലാം മുടി ചീകുന്നതു വരെ മിക്കപ്പോഴും ലിഫ്റ്റിലാണു..എന്നാ‍ണോ ഞാന്‍ എല്ലാം ഒന്നു പ്ലാന്‍ ചെയ്തു ചെയ്യുന്നതു…എന്നാലും ഇത്രെം ഒരു അവജ്ഞ കാണിക്കണ്ടാരുന്നു..എനിക്കു വിഷമം ഒന്നും വന്നില്ല എന്നാലും ഒരു ഒരു .......

ഇന്നത്തെ ഉറക്കം എന്തായാലും പോയി കുറെ നേരം പുറത്തെ കാഴ്ചയൊക്കെ നോക്കി. നരച്ച കൊറെ കെട്ടിടങ്ങളും പിന്നെ ദോഷം പറയരുതല്ലൊ കൊറെ പച്ചപ്പും ഉണ്ട്..നമ്മുടെ നാട്ടിലെ ആ വെട്ടിനിര്‍ത്തുന്ന ചെടിയില്ലെ അതു മാത്രെ ഉള്ളു ഇവിടെ ..ഇവിടുത്തെ അറബികള്‍ വീടിനു മതിലിനു പകരം ആ ചെടി അങ്ങനെ പൊക്കതില്‍ വളര്‍‌‌ത്തും..പിന്നെ അതു പല രീതിയില്‍ വെട്ടി കണ്ടിച്ചു നിര്‍‌ത്തും..എന്തിനു ഈന്തപ്പന പോലും വെട്ടി ഒതുക്കി പ്ലാസ്റ്റിക് കൂടൊക്കെ ഇട്ടു നിര്‍‌ത്തും..കാണാന്‍ കൊള്ളാം എന്നാലും നമ്മുടെ നാട്ടിലെ പോലെ ഏണെ കോണേ നില്‍ക്കുന്ന തെങ്ങും മാവും അതിന്റെ കീഴിലൊക്കെ പൊഴിഞ്ഞു കിടക്കുന്ന ഇലയും പിന്നെ പുല്ലൊക്കെ കേറി കാടു പിടിച്ച പറമ്പും അതിനല്ലെ ഒരു നാച്ചുറാലിറ്റി. ഇവിടെ എല്ലാം ഒരേ നീളത്തിലും ചതുരത്തിലും എല്ലാത്തിലുമൊരു ക്രിത്രിമത്വം. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നു പറഞ്ഞ പോലെയാണു എന്റെ കാര്യം..ഈ നാട് എനിക്കിഷ്ടമല്ല അതു കൊണ്ട് കാ‍ണുന്നതെല്ലാം കുറ്റം കുറ്റം.. യ്യോ പറഞ്ഞു വന്നതു മാറി പോയി..

ഈ ഉണക്ക കാഴ്ചയൊക്കെ കാണാതെ സഹയാത്രികയൊട് രണ്ട് ഡോള്‍‍ബി അടിക്കാന്‍ എനിക്കു ഭയങ്കര തേജോവികാരം വന്നു.സാധാരണ യാത്രയില്‍ സംസാരിക്കുന്നതെനിക്കത്ര ഇഷ്ടമില്ല.പക്ഷെ നേരത്തെ കണ്ട ആ അവജ്ഞ അതൊന്നു മാറ്റി ഞാനും ഒരു ഉന്നത കുലജാതയാണെന്നു വരുത്തണം.എനിക്കെന്താ കുറവു ഞാനെന്താ അത്ര മോശക്കാരിയാണോ ? എന്റെ ഉള്ളിലെ ആഡ്യത്വം അതോ അഹങ്കാരമോ എന്നെ ചൊടിപ്പിച്ചോണ്ടിരുന്നു. പാളി നോക്കിയപ്പോള്‍ സുന്ദരിയുടെ കൈയില്‍ ഒരു പുസ്തകം കണ്ടു ആഹ ഒറാക്കിള്‍ ..അതു ശരി അപ്പൊ നമ്മുടെ ടീം തന്നെ..ഡെയ് ഞാനും നീ ഈ പിടിച്ചിരിക്കുന്ന പൊത്തകം വായിച്ചു പഠിച്ചു(??) റ്റേബിള്‍ ഉണ്ടാക്കി കളി ഡേറ്റ കേറ്റി ഇറക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്നതാണെന്നറിയാമോ. വര്‍ദ്ഥിച്ച ആത്മവിശ്വാസത്തോടെ എങ്ങനെ എങ്കിലും എന്റെ സ്റ്റാറ്റസ് തിരിച്ചൂ പിടിക്കാ‍ന്‍ ഞാന്‍ അവസരം കാത്തു നിന്നു അല്ല ഇരുന്നു..ഭാഗ്യമെന്നല്ലെ പറയേണ്ടു ബസ് അടുത്ത വളവിലെത്തിയപ്പൊ ആശാട്ടി എന്റെ ദേഹത്തു ശക്തിയായി ഒന്നിടിച്ചു..പുറകെ കിട്ടിയ സോറിയില്‍ ഞാന്‍ പിടിച്ചു കേറി..എവിടെയാ ജോലി, താമസം, ആദ്യമായാണോ ഈ ബസില്‍ തുടങ്ങീയ കൊച്ചു കൊച്ചു കാര്യങ്ങള്‍..ജോലി വല്യ കമ്പനിയില്‍ ആണു കേട്ടൊ..s/w egr എന്നു വല്യ ഗമയില്‍ പറയുന്ന കേട്ടു ഞാന്‍ നിന്റെ സീനിയര്‍‌ ആണെടീ എന്നു ഉള്ളില്‍ അലറി..പ്രതീക്ഷിച്ച പോലെ തിരിച്ചും ചോദ്യം വന്നു..എവിടെയാ ജോലി..സ്ഥലപേരു മാത്രം പറഞ്ഞു..ചുമ്മാ ഒരു എളിമ :)പതിയെ ജോലിയുടെ ഡീറ്റേല്‍സു ഞാന്‍ ചുരണ്ടാന്‍ തുടങ്ങി..s/w ,കമ്പ്യൂട്ടര്‍‌, പ്രോഗ്രാം ഇതിനെ കുറിച്ചൊക്കെ ഒരു ചെറിയ ക്ലാസ്സ് എടുക്കുന്നതു ഞാന്‍‌ മുഖത്തൊരു ആരാധനാഭാവം ഇട്ടോണ്ടു കേട്ടു..ഒരു കാര്യം ഞാന്‍ പ്രത്യെകം ശ്രധിച്ചു കേട്ടൊ..എല്ലാം മലയാളത്തില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്......ശരി..ഞാന്‍ സട കുടഞ്ഞിറങ്ങീ..ഏതു പ്ലാറ്റ്ഫോ‍മിലാ?പുള്ളിക്കാരീടെ മുഖത്തൊരു സംശയം.. ട്രെയിന്റെ പ്ലാറ്റ്ഫോം അല്ല വിന്‍ഡോസു ആണൊ ലിനക്സു ആണോ ??? വെബ് ആപ്പ്ലിക്കേഷന്‍ ആണൊ സ്റ്റാന്‍ഡ്ദ് എലോണാണോ ?…ജാവ ആണൊ .നെറ്റ് ആണൊ?? എന്റെ വിജ്ഞാനഭണ്ടാരം ഞാന്‍ തുറന്നു വിട്ടു..ഒരു വര്‍ധിച്ച ഞെട്ടലോടെ വന്നു ഞാന്‍ കേള്‍‍ക്കാന്‍ കൊതിച്ച ചോദ്യം ..എങ്ങനെ അറിയാം??? ഞെളിഞ്ഞിരുന്നു ഞാന്‍ ഉവാച..മോളെ ഞാനും നിന്നെ പോലെ തന്നെ നിന്റെ അതെ ഗ്രേഡ് കുറച്ചു കാലം കൂടുതല്‍ പ്പണിഞ്ഞിട്ടും ഉണ്ട്..അവജ്ഞ മാറി മുഖത്തു ആരാധന വരുന്നതു നോക്കി ഞാന്‍ സായുജ്യം അടഞ്ഞു..തൃപ്തിയായി എനിക്കു തൃപ്തിയായി...

സമൂഹത്തിലെ ഞങ്ങളുടെ അന്തരം കുറഞ്ഞപ്പോള്‍ സ്വാഭാവികമായും സംസാരം സൌഹാര്‍‌‌ദ്ദപരമായി..ജോലി പഠിച്ച കൊല്ലം വര്‍ഷം മാസം എല്ലാം പറഞ്ഞു ഞങ്ങള്‍ കൂട്ടായി..പതിയെ നാട്ടുകാര്യത്തിലേക്കു കേറി..ഞാന്‍ കെട്ടി കുട്ടിയുള്ള കാര്യവും ജോലിക്കാരെ കിട്ടാനുള്ള ബുദ്ഥിമുട്ടുകളും ഒക്കെ വിവരിച്ചു പറഞ്ഞു..പെട്ടെന്നൊരു ഡയലോഗ്..ഇതാ ഞാന്‍ മോ‍ളെ കൊണ്ടുവരാത്തതു… മോളൊ !! അയ്യൊ കല്യാണം കഴിച്ചതാണോ… ഇതു വരെ കെട്ടിയിട്ടില്ലാത്ത കൂട്ടുകാരന്മാരുടെയും ബന്ധുക്കളുടെയും ഒക്കെ ലിസ്റ്റ് എടുത്തു കല്യാണ ആലോചന നടത്തികൊണ്ടിരുന്ന എന്റെഉള്ളിലെ ബ്രോക്കര്‍‌‌ ചൂളി പൊയി..

“യാ യാ ഞാന്‍ മാരീഡ് ആണു, ഒരു മോളും ഉണ്ടു, 2 മാസം, നാട്ടിലാണു...“

അയ്യൊ കുഞ്ഞും ഉണ്ടൊ അതും 2 മാസമൊ നാട്ടിലോ?? എന്റെ ഉള്ളില്‍ ആയിരമായിരം ചോദ്യങ്ങള്‍ പൊങ്ങി വന്നു..ഒരു മാനെര്‍സും നോക്കിയില്ല എല്ലാം ചറ പറ ചോദിച്ചു..

“2 മാസമുള്ള കുഞ്ഞെന്നാണോ പറഞ്ഞത്”..

“യാ യാ മോള്‍ നാട്ടില്‍ എന്റെ പേരെന്റ്സ്-ന്റെ ഒപ്പമാണു..“

2 മാസമോ.എനിക്കു വിശ്വസിക്കാന്‍ പ്രയാസം വന്നു..ഞാന്‍ പണ്ട് പ്രസവം കഴിഞ്ഞു രണ്ടാം മാസവും അധികം ശരീരം അനക്കാതെ, അയ്യൊ ഞാന്‍ ഒന്നു പ്രസവിച്ചതാണേ ഇത്ര നാളും തന്ന കണ്‍സിഡറേഷന്‍സു ഒന്നും തിരിച്ചെടുക്കാറായില്ലേ എന്നൊക്കെ പറഞ്ഞു നല്ല ടേസ്റ്റി ടേസ്റ്റി ഐറ്റംസ് തിന്നൊണ്ടിരുന്ന കാലമല്ലെ..അതെ..ചുമ്മാതല്ല ഞാന്‍ ഇപ്പൊ ഇങ്ങനെ പുട്ടുകുടം പോലെയും ഇവള്‍ പുട്ടുകുറ്റി പോലെയും ഇരിക്കുന്നത്..
എന്നാലും 2 മാസം എന്നു പറഞ്ഞാല്‍ തീരെ ചെറിയ കുഞ്ഞല്ലെ..കണ്ണു തുറ‍ക്കുമ്പൊളെല്ലാം ങ്ങീ ങ്ങീ എന്നും പറഞ്ഞു കരഞ്ഞു ഞം ഞം വച്ച് കിടക്കാറുണ്ടാരുന്ന എന്റെ മോളെ പോലെ…

“അയ്യൊ അതെന്തിനാ മോളെ നാട്ടില്‍ നിര്‍ത്തിയതു …സ്ത്രീസഹജമായ ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു..

ചേച്ചിയല്ലെ ഇപ്പൊ ജോലികാര്‍ക്കുള്ള ബുധിമുട്ടുകള്‍ പറഞ്ഞതു..മറുചോദ്യം കേട്ടിട്ടും എനിക്കു ത്രിപ്തിയായില്ല..

എന്നാ പിന്നെ നാട്ടില്‍ നിന്നിട്ടു മോള്‍ കുറച്ചൂടെ വലുതായിട്ടു വന്നാ പോരാരുന്നൊ..ഇപ്പൊ പാലൊക്കെ കൊടുക്കണ്ടെ?

ഞാന്‍ ആ‍ദ്യം തൊട്ടെ പാല് കൊടുക്കുന്നില്ലാരുന്നു..ആ‍ദ്യ ദിവസം തന്നെ പാലു കുറവാരുന്നു അപ്പൊ പാല്പൊടി കൊടുക്കാന്‍ തുടങ്ങി..പിന്നെ അവ‍ള്‍ക്കും അതു ശീലമായി..(ചിരി )

ഒാ ആദ്യ ദിവസമെ പാലു വരാന്‍ ഇവളാരാ കാമധേനു ആണോ..കുഞ്ഞു കുടിക്കുമ്പൊളല്ലെ പാലു ഉണ്ടാകൂ..എനിക്കത്ര ചിരിയൊന്നും വന്നില്ല.

“ പിന്നെ കുഞ്ഞിനേ നോക്കി വീട്ടിലിരിക്കാനല്ലല്ലോ ഇത്രെം പഠിച്ചതു..എനിക്കു പുതിയ ജോലീടെ ഒാഫര്‍‌ വന്നതു ഇപ്പൊഴാണു..അതു കളയാന്‍ പറ്റില്ലല്ലൊ..അതു കൊണ്ടു ഞാന്‍ അവിടെ കൊടുത്തിട്ടു പോന്നു ..“

ഒരു വിശദീകരണം..എന്റെ ഉള്ളിലെ മാത്രുത്വം തിളച്ചു തുടങ്ങി…ഞാന്‍ വീണ്ടും

“ജോലിയെക്കാളും വലുതല്ലെ കുഞ്ഞും കുഞ്ഞിന്റെ സ്നേഹവും..അതു ഇപ്പൊളല്ലെ കൊടുക്കാന്‍ പറ്റൂ..ജോലി ഇനിം കിട്ടുമല്ലൊ…“

ഒരു ഇരുത്തിയുള്ള നോട്ടമാരുന്നു മറുപടി..കുറച്ചു കഴിഞ്ഞു പതുക്കെ ഒരു ചോദ്യം..

“ഇവിടെ തന്നെ സെറ്റില്‍ ചെയ്യാനാണോ പ്ലാന്‍..“

അങ്ങനെ വിഷയമൊന്നും മാറ്റാന്‍ നോക്കണ്ട എന്ന ഭാവത്തോടെ ഞാന്‍ പറഞ്ഞു..

“സെറ്റിലോ ഇവിടെയൊ…എത്രയും പെട്ടെന്നു ഇവിടെ നിന്നും രക്ഷപെടണം..പോയി നാട്ടില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും അടുത്തു താമസിക്കണം..ഇപ്പൊ നാട്ടില്‍ ഭയങ്കര IT boom ആ‍യതു കൊണ്ട് എനിക്കു ജോലിയൊക്കെ കിട്ടുമല്ലൊ..മോള്‍ടെ അച്ഛനും പറ്റിയ ജോലി കിട്ടണം..ഇപ്പൊ refinery ഒക്കെ വരും എന്ന കേള്‍‍ക്കുന്നുണ്ട് ..വന്നാല്‍ ഉടനെ ഞങ്ങള്‍ തിരിച്ചു പോകും”

ഞാന്‍ എന്റെ സ്വപ്നം വിശദീകരിച്ചു…

“നാട്ടില്‍ തിരിച്ചു ചെന്നാല്‍ ജോലി കിട്ടും എന്നു എന്താ ഉറപ്പു“ ഒരു ഉഗ്രപ്രഹരം..അന്തം വിട്ടിരുന്ന എന്നോട് വീണ്ടും..

“ഇപ്പൊ ടെക്നോളജി എന്തു വേഗമാ വളരുന്നതെന്നറിയില്ലേ..നമ്മള്‍ ഇവിടുന്നു തിരിച്ചു ചെല്ലുമ്പൊള്‍ എല്ലാത്തിലും ഔട്ട്ഡേറ്റഡ് ആവില്ലേ..ഇപ്പൊഴേ കരിയറിനെ കുറിച്ചു ചിന്തിച്ചില്ലെങ്കില്‍ എവിടെയെങ്കിലും ചെന്നു compete ചെയ്യാന്‍ പറ്റുമൊ?? ഇല്ല..ലേറ്റസ്റ്റ് ടെക്നോളജിയുമായി എപ്പൊഴും നല്ല റ്റച്ച് വേണം. “

ശരിയാണ്..ഇപ്പൊഴത്തെ പോക്കു പോയാല്‍ ലേറ്റസ്റ്റ് പോയിട്ടു പഴയ ടെക്നോളജിസില്‍ പോലും റ്റച്ച് ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല..നാട്ടില്‍ പോയി കോമ്പീറ്റ്..ബെസ്റ്റ്..നാട്ടീന്നു വല്ലൊം കുറ്റീം പറിച്ചു ഇവിടെ വന്നു കോമ്പീറ്റ് ചെയ്താ തന്നെ, എപ്പൊ തൂ‍ക്കി പുറത്തെറിയും എന്നു ചോദിച്ച മതി…അത്ര മിടുക്കിയാ‍ണു ഞാന്‍…ഹും..അപ്പൊ നാട്ടില്‍ ചെന്നു ഡെവലപ്പര്‍ റ്റീം ലീഡറോ, മാനേജറോ ഒക്കെ ആകാമെന്നുള്ള എന്റെ കൊച്ചു മോ‍ഹത്തിന്റെ വെള്ളം ഞാന്‍ അടുപ്പേന്നു വാങ്ങി വച്ചു ബേസിനില്‍ ഒഴുക്കി കളഞ്ഞു..

എന്ന പിന്നെ ടെസ്റ്റര്‍ ആകാം..പണ്ടു ക്വാ‍ളിറ്റി റ്റീം മെംമ്പര്‍ ആയി ആരൊക്കെയൊ ചെയ്യുന്ന സാധനങ്ങള്‍ വെട്ടി നിരത്തി ഡേയ് ഇവിടെ ആഡ് ചെയ്തപ്പം അവിടെ ഡിലീറ്റായി , ഇവിടെ ക്ലിക്കുമ്പം അവിടെ അനങ്ങി എന്നൊക്കെ പറഞ്ഞു ബു ഹ ഹ ഹ ചിരി ചിരിച്ചു പാവം ഡെവലപ്പേഴ്സിനെ കൊലവിളിച്ച സുന്ദര നിമിഷങ്ങള്‍ അയവിറക്കി ഞാന്‍ ഉറക്കെ ആത്മഗതിച്ചു…

“എങ്ങനെയാണെങ്കിലും നാട്ടി ചെന്നാ ജോലി കിട്ടും ഡെവലപ്പര്‍ അല്ലേല്‍ ടെസ്റ്റര്‍...”

ഒരു പുശ്ചത്തോടെയാരുന്നു സഹയാത്രീടെ ചോദ്യം..

“ടെസ്റ്റിങ്ങൊ…ബ്ലാക് ബൊക്സ് ടെസ്റ്റിങ്ങില്‍ ഒക്കെ എക്സ്പീരിയന്‍സ് ഉണ്ടൊ?“
ബ്ലാക് ബൊക്ശോ!!അതു പണ്ടു വിമാനത്തില്‍ വക്കുന്ന ഏതാണ്ടു സാധനം അല്ലാരുന്നോ അതവിടുന്നു മാറ്റിയൊ…!!
വീണ്ടും അന്തിച്ചിരിക്കുന്ന എന്നെ നോക്കി ജുനിയര്‍ ഉപദേശം

“കരിയര്‍ സ്കൊപ് എപ്പൊഴും നോക്കണം, അപ്ഡേറ്റഡ് ആയിരുന്നില്ലെങ്കില്‍ ഇനിയത്തെ കാലത്തു വല്യ ഉപയോഗമില്ല…എല്ലാരും അത്ര അഡ്വാന്‍സ്ട് ആണു ഇപ്പൊള്‍..വെറുതേ വീട്, വീട്ടുകാര് ,കുഞ്ഞു എന്നൊക്കെ ഒാര്‍ത്തിരുന്നാല്‍ നമുക്കു തന്നെയാണു നഷ്ടം…ഇപ്പൊ കുഞ്ഞിനെ പിരിഞ്ഞിരുന്നാല്‍ ഭാവിയില്‍ അവര്‍ക്കു തന്നെയാ നേട്ടം..അവരുടെ ഫ്യൂച്ചറിനു വേണ്ടിയല്ലേ..കുഞ്ഞുണ്ട് വീടുണ്ട് ഇത്തരം സെന്റിമെന്റ്സ് ഒന്നും ഈ സൊഫ്റ്റ്വെയര്‍ ഫീല്‍ഡില്‍ പറഞ്ഞിട്ടു കാര്യം ഇല്ല…നോ മിസ്സിങ്സ് നോ വറീസ്…“

ഈ നരുന്തു പോലിരിക്കുന്ന പെണ്ണപ്പോ വിഷയം മാറ്റിയതല്ലാരുന്നു..എനിക്കുള്ള ചുട്ട മറുപടിയാരുന്നു **** ദൈവമെ..അപ്പൊ ഇത്രെം നാളും നെഞ്ചു വിരിച്ചു കമ്പൂട്ടര്‍ എഞ്ചിനീയര്‍ എന്നൊക്കെ നെഗളിച്ചിട്ട് എന്നെങ്കിലും നാട്ടില്‍ തിരിച്ചു ചെന്നാല്‍ ഒരു കംമ്പോണ്ടര്‍ ജോലി പോലും കിട്ടില്ല അല്ലെ…ഹൊ എനിക്കു വല്ലാത്ത തലവേദന..അല്ലെങ്കിലും എന്തെങ്കിലും ആലൊചിക്കുമ്പോള്‍ എനിക്കിങ്ങനെ വരും..

കല്യാണം കഴിഞ്ഞപ്പോ നാട്ടിലുണ്ടാരുന്ന ജോലി പുല്ലു പോലെ വലിച്ചെറിഞ്ഞ ഞാന്‍,
കുഞ്ഞുണ്ടായപ്പൊ 1 വയസ്സു വരെ കുഞ്ഞിനെ നോക്കാന്‍ എന്ന പേരില്‍ വീട്ടിലിരുന്ന ഞാന്‍,
ബോറടിയില്ലേ എന്നു ചോദിച്ചവരോടൊക്കെ ഞാനിപ്പോളാ ലൈഫ് ആസ്വദിക്കുന്നതെന്നു പറഞ്ഞു കരിയറില്‍ ഉഗ്രന്‍ ഗാപ് വരുത്തിയ ഞാന്‍,
വീണ്ടൂം ജോലി കിട്ടിയപ്പൊ താമസിച്ചു വരാമോ നേരത്തെ പോകാമോ എന്നൊക്കെ ആ‍ദ്യ ഇന്റര്‍വ്യൂവീല്‍ തന്നെ ചോദിച്ച ഞാന്‍,
റ്റച് വിട്ടു പൊയ പഴയ സങ്കതികളെയൊന്നും വിഷമിപ്പിക്കാതെ ഉള്ളതു കൊണ്ടോണം പോലെ റിലാക്സ് ആയി എന്തൊക്കെയോ ചെയുന്ന ഞാന്‍..
ടെക്നോളജിയെ കുറിച്ചോര്‍ത്തു വിഷമിക്കാതെ ഇന്നു രാത്രിയില്‍ കഞ്ഞീം പയറും വേണൊ ചപ്പാത്തീം കിഴങ്ങും വേണൊ എന്നൊര്‍ത്തു കണ്‍ഫ്യൂസാ‍കുന്ന ഞാന്‍ …
..........
.........
.........
എന്റെ ജീവിതം വെയിസ്റ്റ് അട്ടര്‍ വെയിസ്റ്റ് .. ഈ പൊക്കു പോയാല്‍ 5 അല്ല 10 അല്ല 25 വര്‍ഷം കഴിഞ്ഞാലും ഈ മരുഭൂമിയിലെ എതെങ്കിലും അറബികളുടെ അവഗണനയും സഹിച്ചു ജീവിതം തള്ളിനീക്കേണ്ടി വരും..എന്തൊക്കെയായാലും നാട്ടില്‍ ചെന്നു വാഴ വെക്കാ‍നൊന്നും എനിക്കു പറ്റൂല്ല.. എന്നും തിന്നാല്‍ മാഞ്ചൊട്ടിലെ മാങ്ങക്കും സ്വാദില്ലാതെ വരും..ജോലീം കൂലീം ഇല്ലാതെ നില്‍ക്കുമ്പം ഇന്നു കാണാന്‍ കൊതിക്കുന്ന പച്ചപ്പു വെറും പുല്ലും തിമിര്‍ത്തു പെയുന്ന മഴ വെറും നാശം മഴയുമാകും… വല്ല കാര്യവും ഉണ്ടാരുന്നൊ..വെറുതെ അവിടിരുന്ന ആ പെണ്ണിനെ വിളിച്ചുണര്‍ത്തി പരിചയപ്പെട്ട നിമിഷത്തെ ശപിച്ചു കൊണ്ടു ഭാവിയെ കുറിച്ചുള്ള വല്യ ഒരു ചോദ്യചിഹ്നവുമായി ഞാന്‍ ബസിറങ്ങി ലിഫ്റ്റു കേറി കോളിങ്ങു ബെല്‍ അടിച്ചു….............................


“അ‍ച്ഛാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ അമ്മ വന്നു എന്റെ അമ്മ വന്നു..“അകത്തു 3 വയസ്സുകാരിയുടെ അഹ്ലാദ പ്രകടനങ്ങള്‍ എനിക്കു കേള്‍ക്കാം..അഛനിന്നു നേരത്തെ വന്നൊ…

അഛാ ഡോര്‍ തൊറക്ക് അമ്മ വന്നു അമ്മ വന്നു ഹ ഹ ഹ ഹ..സന്തോഷം കൂടുമ്പൊള്‍ അവള്‍ ഇങ്ങനെ ഒരു രാവണ ചിരിയും ഒാട്ടവും ചാട്ടവും ഒക്കെ നടത്താറുണ്ട്..

തുറന്ന കതകിന്റെ ഇടയില്‍ കൂടി എന്റെ മോളിലേക്കു ചാടി കേറി, അമ്മേ ഉമ്മ ചക്കരയുമ്മ പഞ്ചാരയുമ്മ, നാന്‍ കൂളീ പോയി..ചീച്ചര്‍ പദിചു..റ്റ്വിങ്കിള്‍ റ്റ്വിങ്കിള്‍ അമ്മേ മോള്‍ പദം വരചു..അമ്മേ നാന്‍ ചോര് ഉന്ദു കുലിചു..രാവിലെ 7 മണി തൊട്ടു 4 മണി വരെ നടന്ന സംഭവങ്ങള്‍ എല്ലാം കൂടി മിക്സു ചെയ്ത ഒരു അവിയല്‍..പുറകെ ഉമ്മകളുടെ ബഹളം.

പുറകെ വന്ന അഛന്റെ മുഖത്തു ഒരു പുഞ്ചിരി…ദാ നിനക്കും കാപ്പി ഇട്ടിട്ടുണ്ട്..ഇതു കുടിക്കു…

അടുത്തിരിക്കാന്‍ വന്ന അഛനെ തള്ളിമാറ്റി മോള്‍, ഇതു എന്റെ അമ്മയാ..മറുപടിയാ‍യി അഛന്‍, അല്ല ഇതു എന്റെ അമ്മയാ...പിടിവലി ചിരി കളി...ഇതിവിടുത്തെ സ്തിരം പരിപാടികളാണു..

എന്റെ മനസ്സു നിറഞ്ഞു..എനിക്കിതു മതി….ഈ ചിരി ഈ സന്തോഷം ..എന്റെ ജീവിതം വെയിസ്റ്റ് അല്ല..എന്റെ ജീവിതത്തിനും അര്‍ത്ഥം ഉണ്ട്..ചെറിയ പ്രതീക്ഷകളും വലിയ സ്വപ്നങ്ങളുമായി ഈ കൊച്ചൂ കൊട്ടാരത്തിലെ റാണിയാണു ഞാന്‍..കൂട്ടിനു എന്റെ രാജാവും രാജകുമാരിയും.

അഖില ലോക കമ്പൂ‍ട്ടര്‍ എഞ്ചിനീയര്‍മാരേ നിങ്ങള്‍ പടച്ചൂ വിടുന്ന എല്ലാ സോഫ്ററ്റ്വെയറുകളേക്കാലും എഫ്ഫിഷ്യന്റ് എന്റെ ഈ കൊച്ചു ഹാര്‍ഡ് വെയറാണു,ഈ ഹാര്‍ഡ് വെയറിന്റെ ചിരി ഏതു പ്രോബ്ലവും സോള്‍വ് ചെയ്യും.

എനിക്കിതു മതി..ഭാവീ ?? വാ കീറിയവനു ദൈവം ഇരയും തരും ..

തൃപ്തി , തൃപ്തി ..പല പ്രാവശ്യം ആലൊചിച്ചപ്പൊഴും തൃപ്തി . തലവേദന പോയപോച്ച്, ഗായബ്, ഇറ്റ്സ് ഗോണ്‍. :)