എന്താണ് ഇന്ത്യന്‍ സംസ്കാരം?
വെറുതെ വീട്ടുകാര്യമൊക്കെ പറഞ്ഞു വായില്‍ നോക്കി നടന്നിരുന്ന ഞാന്‍ എന്താ ഇപ്പോ ഇത്ര കടുകട്ടി ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുന്നതെന്നോര്ത്തു ആരും അമ്പരക്കണ്ട. ഞാന്‍ കൊച്ചുത്രെസ്യയെ പോലെ സീരിയസ്സാണ് !
എല്ലാവരും മിക്കപോഴും പറയുന്നതാണ്, ഇതാണ് നമ്മുടെ സംസ്കാരം , culture എന്നൊക്കെ..ഞാനും പറയും, പ്രത്യേകിച്ച് നാട്ടില്‍ നിന്നും മറി NRI ആയതിനു ശേഷം .. നാട്ടില്‍ താമസിക്കുമ്പോള്‍ എപ്പൊഴെങ്കിലും
ഞാന്‍ ഇന്ത്യക്കാരിയാണ് എന്ന് ഓര്‍മിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് സംശയം ആണ്, അതൊര്മിക്കപെടേണ്ട അവസരങ്ങള്‍ വളരെ കുറവായിരുന്നു. ക്രിക്കെറ്റ് കളി കാണുമ്പൊള്‍ മാത്രം , പ്രത്യേകിച്ച് എന്തോ പാകിസ്ഥാനുമായി കളിക്കുമ്പോള്‍ മാത്രമാണെന്നു തോന്നുന്നു ഇന്ത്യന്‍ എന്ന വികാരം മുന്നിട്ടു നിന്നത് . ഇന്ത്യന്‍ ടീം ജയിക്കണേ എന്ന പ്രാര്‍ത്ഥനയില്‍ പക്ഷെ ഞാന്‍ ഒരു ഇന്ത്യക്കാരിയാണെന്നുള്ള ചിന്തയെക്കാളും കളി ജയിക്കണെ അവന്മാര് തോല്‍ക്കണെ എന്നു മാത്രമെ ഉള്ളു എന്നു തൊന്നുന്നു.നമ്മുടെ സംസ്കാരം എന്നത് പലപ്പോളും സമൂഹത്തിലെ പല തട്ടിലുള്ള ആള്കാരുടെ സംസ്കാരം ആയിരുന്നു...middle class സംസ്കാരം, upper class സംസ്കാരം, low class സംസ്കാരം..
നാട്ടില്‍ നിന്നും കെട്ട് കെട്ടി എണ്ണപ്പാടത്തു വന്നു പെട്ടതിനു ശേഷം എനിക്ക് പലപ്പോളും , ഇതാണ് ഞങ്ങളുടെ സംസ്കാരം എന്ന് പറയേണ്ടി വന്നിട്ടുണ്ട്..ചിരിദാറിട്ടു പുറത്തു പൊകുമ്പാളും പൊട്ടു തൊട്ടുമ്പാളും ഒക്കെ നേരെ വരുന്ന പല ചോദ്യങ്ങള്‍ക്കും മറുപടി ‘സംസ്കാരം‘ എന്നു തന്നെ. ഒരിക്കല്‍ കുളിപ്പിച്ചൊരുക്കി ചുവന്ന ശിങ്കാര്‍ പൊട്ടു തൊട്ടു സുന്ദരിയാക്കി നിര്‍ത്തിയ മോളെ കണ്ടു BandAid നീട്ടിയ പാവം അറബി ചേച്ചിയ്യൊടും ഞാന്‍ പറഞ്ഞു , “ഇതാണ് ഞങ്ങളുടെ സംസ്കാരം“.
ഭാരതമെന്ന പേരു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ ( ഇങ്ങനെ തന്നെയല്ലേ) എന്നു പണ്ടു സ്കൂളില്‍ പഠിച്ചത് പ്രാവര്‍ത്തികമായതു ഇപ്പോളാണ്.. നാട്ടില്‍ വച്ചു ചോരയോ ചോരക്കൊരു ചൂടോ ഒന്നും എനിക്കനുഭവപ്പെട്ടിട്ടില്ല.. കാര്യം എന്താണെന്നല്ലേ..
***************************************************
രംഗം 1
***************************************************
ആദ്യമായി അന്യനാട്ടില്‍ , വിസ ഫോര്‍മാലിറ്റീസിനു മുന്നിലിരിക്കുന്ന അറബി ,കുറെ നേരമായി എന്നെയും പാസ്പോര്‍ട്ടിലും മാറി മാറി നോക്കി..ദൈവമേ, ഞാന്‍ വല്ല അല്‍ ഖയിധകാരിയാണെന്നു കണ്ടിട്ട് തോന്നിയോ എന്തോ..
അവസാനം അയാള്‍ കഷ്ടപ്പെട്ടു എന്തോ പറയുന്നു,
എന്താ എന്താ, സോറി സോറി എന്ന് ഞാന്‍..
പാസ്പോര്ട്ടില് നോക്കിയാണ് അദേഹം പറയുന്നതു, എന്താണെന്നു മനസ്സിലാകുന്നില്ല..അവസാനം കഥകളിയില്‍ ചോദിച്ചു ,”എന്താ ചേട്ടാ എന്താ പറയുന്നതു“...ആശാന് എന്നെ പാസ്പോര്‍ട്ടു പൊക്കി കാണിച്ചു..
പാവം എന്റെ പേരു, അതായതു ലാസ്റ്റ് നേമേ , അച്ഛന്റെ പേരു അതാണ് പറയുന്നതു..മഹാവിഷ്ണുവിന്റെ ഏറ്റവും നീളം കൂടിയ പര്യായം നാമമായുള്ള അച്ഛനെ അദ്ധേഹം വിളിച്ചത് കേട്ടാല്‍ മഹാവിഷ്ണു വരെ ഓടിച്ചിട്ടടിക്കും, എന്നാ പിന്നെ അതിന്റെ തൊട്ടപുറത്തു എന്റെ ഫസ്റ്റ് നേം ഉണ്ടല്ലോ..എന്ത് ചെറിയ പേരു..അതങ്ങു വിളിച്ചാ പോരെ..
ങ്ങെ ഹെ ..ലാസ്റ്റ് നേമേ വിളിക്കു..
ജനിച്ച അന്ന് മുതല്‍ എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാരുന്നു.
നീ തെക്കേലെ ...മോളല്ലേ...പേരെന്താ ?
പേരു പറഞ്ഞു കഴിഞ്ഞാല്‍ ആരും പിന്നെ തെക്കേലെ ..മോളെ തെക്കേലെ .. മോളെ എന്ന് വിളിച്ചിട്ടില്ല...
ചിലപ്പോ എന്റച്ചന്റെ പേരു ഇത്ര നീണ്ടാതയത് കൊണ്ടാണോ ഇത്..ഏയ് ,അപ്പുറത്തെ കൂട്ടുകാരിയെ ആരും രാജൂന്റെ മോളെ എന്നല്ലല്ലോ വിളിക്കുന്നത്... സ്കൂളിലും കോളേജിലും ഓഫ്ഫീസിലും, എന്റെ ഫസ്റ്റ് നേം കൊണ്ട് എല്ലാരും ത്രിപ്ത്തിപ്പെട്ടു... എനിക്ക് ചോദിക്കാനും പറയാനും വീട്ടുകാര്‍ ഉണ്ടെന്നുള്ള തെളിവായി അച്ചന്റെ പേരു, അതും ചുരുക്കി ഒരു ഇനിഷ്യല്‍ ആക്കി നിര്‍ത്തി...വീട്ടുകാരൊക്കെ ആലോചിച്ചു കെട്ടിച്ചത് കൊണ്ടു കല്യാണം കഴിഞ്ഞിട്ടും അച്ഛന്റെ പേരു മാറ്റിയില്ല, “ദേ എന്നോട് വഴക്കിട്ടാല്‍ ഞാന്‍ എന്റെ അച്ഛനെ വിളിക്കും എന്ന് ധൈര്യമായി പറയാമല്ലോ “...
പക്ഷെ ഇവിടെ എന്തിനും ഏതിനും എല്ലാര്ക്കും അച്ഛനെ മതി.. എവിടെ പോയാലും ഇത്ര മനോഹരമായ ചെറിയ ഫസ്റ്റ് നേം ഉണ്ടെങ്കിലും പാവങ്ങള്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി തല പുണ്ണാക്കി അച്ഛനെ വിളിക്കും..എന്നാ നന്നായി വിളിച്ചാലും കുഴപ്പമില്ല.. എന്റെ പാവം അച്ചാ , ഇങ്ങേരു ചീത്ത വിളിച്ചത് അച്ഛന് കേട്ടില്ലല്ലോ, എന്നോട് ക്ഷമിക്കു, എന്നു പ്രാര്‍ത്ഥിച്ചു വേണം പലപ്പോഴും വിളി കേള്‍ക്കാന്‍.
ജോലി കിട്ടി പുതിയ ഓഫീസില്‍ കാല് കുത്തിയ ദിവസം..ഇമെയില്‍ അഡ്രസ്സ് ഉണ്ടാക്കാനായി നെറ്റ്വര്‍ക്ക് മാനേജര്‍ക്കു മുന്നില്‍ പോയി ഭയഭക്തിബഹുമാനത്തോടെ നിന്നു..
പേരെന്താ..പേരു മാളു.
ഓ ലാസ്റ്റ് നേം എന്താ ?
പേരു.....മഹാവിഷ്ണു നാമം കേട്ട മാനേജര്‍ പുറകോട്ടാഞ്ഞു അനന്തശയനത്തില്‍ കിടന്നു കംസനെ പോലെ നോക്കി.
ഞങ്ങള്‍ ഇവിടെ ഫസ്റ്റ് നേമിന്റെ ഫസ്റ്റ് ലെറ്റര്‍.ലാസ്റ്നേം ആണ് ഇമെയില്‍ അഡ്രസ്സ് ആക്കുന്നത്,
ദൈവമേ ചതിച്ചോ..എന്റെ ഇമെയില്‍ അഡ്രസ്സ് റ്റയ്പ്പ് ചെയ്തു വരണമെങ്കില്‍ 1 ദിവസമെടുക്കുമല്ലോ ..അതെ അണ്ണാ, എന്റെ കേസില്‍ മാത്രം ലാസ്റ്നേം ലെറ്റര്‍.ഫസ്റ്റ് നേം എന്നാക്കാന്‍ വയ്യേ..കേള്‍ക്കാനും എഴുതാനും ഇത്രേം ബുദ്ധിമുട്ടൊന്നും വരില്ലല്ലോ
കംസന് ഒരു പുശ്ച്ചം...നിങ്ങള്‍ ഇന്ത്യക്കാരെന്താ ഇങ്ങനെ..ലോകത്തെല്ലാരും ഫാമിലി നേമില്‍ ആണല്ലോ അറിയപെടുന്നത്..ഇന്ത്യക്കാര്‍ക്ക് ഫാമിലി ഇല്ലേ..നിങ്ങള്‍ അധികവും ഫാമിലി ഇല്ലാത്ത പുവര്‍ പീപ്പിള്‍ ആയതു കൊണ്ടാണോ ...ഹ ഹ ഹ ...(വല്യ തമാശ പറഞ്ഞ പോലെ )
ഗിളു ഗിളു ഗ്ഗിളു..എന്താ ഒരു ശബ്ദം...ഓഹ് എന്റെ ചോരക്കു തീ പിടിച്ചു!! അത് തിളച്ചു..
അതേ ചേട്ടാ ഞങ്ങള്‍ ഇന്ത്യക്കാര്‍ സ്വന്തമായി നില്ക്കാന് പ്രാപ്തിയുള്ളവര്‍ ആണു. ഫാമിലി പേരു വിളിച്ചാലെ ഫാമിലിയെ ഓര്മ വരു എന്നുള്ളവരല്ല ..തന്നെമല്ല എന്നും ഞങ്ങള്‍ക്കു ഒരു ഫാമിലിയെ കാണൂ..അതെപ്പോഴും ഓര്‍മ്മിപ്പിക്കണ്ടല്ലോ.. അത് കൊണ്ടാണ് ഞങ്ങള്‍ ഫസ്റ്റ് നേമില്‍ വിശ്വസിക്കുന്നത് .. ഹ ഹ ഹ ഹ
എന്റെ ചോരത്തിളപ്പ് വായില്‍ കൂടി പുറത്തോട്ടു വന്നു.. കംസന് ഒന്നും മിണ്ടാതെ ഇരുന്നു, പക്ഷെ അടുത്തടുത്ത ദിവസങ്ങളില്‍ എനിക്ക് കിട്ടുന്ന നെറ്റ്വര്‍ക്ക് എററു കള്‍ കണ്ടു എന്റെ ചോര തണുത്തു .......
***********************************************************
രംഗം 2
**********************************************************
ആരെങ്കിലും ഹൌ ആര് യു ? എന്ന് ചോദിച്ചാല്‍ തിരിചെന്തു പറയണം
ഐ ആം ഫൈന്‍, താങ്ക്യു . ഹൌ ആര് യു എന്ന് പറയണം..അതാണ് ഇഗ്ല്ലീഷുകാരന്റെ മാനെര്സു..
എനിക്ക് സുഖം , നീ ചോദിച്ചതില്‍ വലിയ സന്തോഷം, ആട്ടെ നിനക്കു സുഖമാണോ ?
ഹൊ മലയാളത്തില്‍ ഇത്രേം പറഞ്ഞു വരുമ്പൊ അസുഖം പിടിക്കുമല്ലോ ..
കോട്ടയത്തോട്ടു ചെന്നു ആരെയേലും കണ്ടാല്‍....
ആ എന്നാ ഒണ്ട്... ഓ എന്നാ പറയാനാന്നെ..
തിരുവനന്തപുരത്തു ചെന്നാലോ
തള്ളെ ഇതാരു ..എന്തിരപ്പി സുഗങ്ങള് തന്നെ... ഓ തന്നെ തന്നെ ...
ഒരിക്കല്‍ തൃശ്ശൂര്‍ ബസില്‍ ഇരുന്നപ്പോള്‍, ഒരാള്‍ ചോദിക്കുന്നു..
ആ എന്തുണ്ട് വിശേഷം.. ഉത്തരമായി ഒരു കിളിമൊഴി..നല്ല വിശേഷം ..
കൊള്ളാം തമ്മില്‍ ബേധമുണ്ട്..ഞാനും കോപ്പി അടിച്ചു .അല്ലേലും തൃശ്ശൂര്‍, പാലക്കാട്ടുകാരോട് എനിക്കുണ്ടായിരുന്ന ഒരു ഇഷ്ടം ഞാന്‍ മുന്‍പേ പറഞ്ഞതല്ലേ .
കല്യാണം കഴിഞ്ഞു ആദ്യം ഫോണ്‍ ചെയ്ത കൂടുകാരി ചോദിച്ചു
ആ എന്നാ ഉണ്ടെടി വിശേഷം..ഉത്തരമായി കോപ്പി അടി മറുപടി..നല്ല വിശേഷം ..
എന്ത് എടി നീ പണി പറ്റിച്ചോ അമ്പടി എടി കള്ളി ..........
അയ്യോ പൊന്നേ ഞാന്‍ അങ്ങനെ ഒന്നുമല്ല പറഞ്ഞതു..ക്ഷമി ക്ഷമി...
“വിശേഷത്തിന്റെ“ ഡബിള്‍ മീനിങ്ങ് തൃശ്ശൂര്കാര്ക്കറിയില്ല എന്ന് തോന്നുന്നു ..
എന്തായാലും, നമുക്കു ഇവിടെക്ക് വരം..
രാവിലെ ഓഫീസില്‍ വന്നു കേറുമ്പോള്‍ മുന്നിലിരിക്കുന്ന സെക്യൂരിറ്റി , ഹലോ ഗുഡു മോര്‍ണിഗ് , ഹൌ ആര് യു?
ഐ ആം ഫൈന്‍, താങ്ക്യു . ഹൌ ആര് യു .. എന്ന് പറഞ്ഞു വരുംപോളെക്കും punch ചെയാന്‍ പുറകെ നിക്കുന്നവന് ഇടിച്ചു മുന്നില്‍ കേറും.
ഓഫീസില്‍ കേറിയാലോ.. മുന്നില്‍ കാണുന്ന സര്‍വ സാധനങ്ങളും, ഹലോ ഹൌ ആര് യു? ആരും മറുപടിയൊ എന്റെ സുഖമൊ അറിയാന്‍ താല്പര്യപ്പെടുന്നു എന്നു തോന്നാറേയില്ല.പക്ഷെ ഹൌ ആര് യു യിനു ക്ഷാമമില്ല.
3 മണിക്കൂറോളം മുന്നിലിരുന്നു മീറ്റിങ്ങ് എന്ന പേരില്‍ വധം കഴിഞ്ഞു സീറ്റില്‍ വരുംപോളേക്കും ഫോണ്‍, അന്നേരവും ഹൌ ആര് യു?
ഐ ആം ഫൈന്‍,ഐ ആം ഫൈന്‍, താങ്ക്യു താങ്ക്യു ..ഇങ്ങനെ ഫൈന്‍ അടിച്ച് ഫൈന്‍ അടിച്ച് ഞാന്‍ ക്ഷീണിച്ചു...
ഫൈന്‍ ആണെങ്കിലല്ലേ താങ്ക്യു ഹൌ ആര് യു .എന്നൊക്കെ ചോദിക്കേണ്ട കാര്യമുള്ളു..എന്നാ ഇനി തൊട്ടു എല്ലാരോടും ഐ ആം നോട്ട് ഫൈന്‍ എന്ന് പറഞ്ഞാലോ ?
അല്ലെങ്കില്‍ ഓടുന്ന കാളക്ക് ഒരു മുഴം മുന്നേ കയര്‍..ഇങ്ങോട്ടു ചോദിക്കുന്നതിനു മുന്നെ ,ആരെയേലും കണ്ടാല്‍ ആദ്യമേ ഞാന്‍ ചാടി കേറി ചോദിക്കാന്‍ തുടങ്ങി ,ഹലോ ഹൌ ആര് യു?..അപ്പൊ കൊള്ളാം..അവര്‍ ഇങ്ങോട്ട് വല്ലോ ചോദിച്ചാ പിന്നെ ഫൈന്‍ മാത്രം അടച്ചാ മതിയല്ലോ ..
ഇപ്പൊ ആരെ കണ്ടാലും ആണ് പെണ് , അച്ഛന് അമ്മ ഭര്‍ത്താവ് കുട്ടി വ്യത്യാസം ഇല്ലാതെ ഞാന്‍ ചോദിക്കും ...
ഹലോ ഹൌ ആര് യു?.. ...ഇതും ഇന്ത്യന്‍ സംസ്കാരം
2 വര്‍ഷത്തിനു ശേഷം ഈയിടെ നാട്ടില്‍ ചെന്നു 92 വയസ്സായ മുത്തശ്ശിയെ കണ്ടപ്പോഴും ഞാന്‍ ചോദിച്ചു ..ഹൌ ആര് യു ?
************************************************************
രംഗം 3
************************************************************
മാനേജര്‍ അണ്ണാപ്പി കത്തി അടിക്കാനുള്ള മൂഡിലാണ്, കാപ്പി പാത്രമൊക്കെ എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി ലോക കാര്യങ്ങളൊക്കെ പറയുകയാണ്...
എന്താണ് നിങ്ങള്‍ ഇന്ത്യക്കാര്‍ ഇങ്ങനെ? നിങ്ങള്‍ ഇന്ത്യക്കാര്‍ ഒരിക്കലും സ്വന്തം അവകാശങ്ങള്‍ ഉറച്ചു പറയാറില്ല..
ഒരു ക്യൂ ഇല് നില്ക്കുമ്പോള് ആരെങ്കിലും അറബികള്‍ ഇടിച്ചു കേറി എന്ന് വെക്ക്...പുറകില്‍ നില്ക്കുന്ന ഇന്ത്യക്കാര്‍ ആരും ഒന്നും മിണ്ടില്ല..എന്നാല്‍ ഞാനാണെങ്കില്‍ അന്നെരമേ ഒച്ച വെക്കും .. അത് പോലെ തന്നെ , ആരേലും വഴക്കിട്ടാലോ ഓഫീസില്‍ കൂടുതല്‍ പണി പറഞ്ഞാലോ ഒന്നും ഇന്ത്യക്കാര്‍ എതിര്‍ക്കില്ല.മാട് പോലെ ജോലി ചെയും. അത് കൊണ്ടെന്താ ? എല്ലാരും നിങ്ങളെ ചൂഷണം ചെയും..എന്ത് കൊണ്ടു നിങ്ങള്‍ ഇന്ത്യക്കാര്‍ ഇങ്ങനെ യായി.. നിങ്ങള്‍ അഹിംസയില്‍ മാത്രം വിശ്വസിക്കുന്നവരാണോ ?
ഒന്നും മിണ്ടാതെ ഞാന്‍ മേശപുറത്ത് കിടക്കുന്ന പേപ്പറില്‍ നോക്കി ...
പണിമുടക്കിയ 100 ഏഷ്യക്കാരെ നാട് കടത്തി..കൂട്ടം കൂടുന്നതും strike നടത്തുന്നതും നിരോധിച്ചിരിക്കുന്നു.. വാഹനമോടിക്കുപോള് മൊബൈല്‍ ഉപയോഗിക്കുന്ന expats ഇനെ ഡീപോര്‍ട്ട് ചെയും.....നിയമങ്ങള്‍ എന്നും expats ഇനു മാത്രമാണല്ലോ ബാധകം ഇവിടെ ..
സമരം ചെയ്യുന്ന ഏഷ്യകാരുടെ ഫോട്ടോയിലേക്ക് ഞാന്‍ തുറിച്ചു നോക്കി...നിരാശയും നിസ്സഹായതും മാത്രം നിറഞ്ഞ മുഖങ്ങള്‍..എന്തെല്ലാം സ്വപ്ന ങ്ങളോടെ ആയിരിക്കും ഇവരെല്ലാം നാട്ടില്‍ നിന്നും പറന്നു വന്നത് ,അവരെ കാത്തിരിക്കുന്ന പ്രത്യാശ നിറഞ്ഞ കണ്ണുകളും, മുഖങ്ങളും സ്വപ്നങ്ങളും ...ഇവര്‍ യുദ്ധം ചെയുന്നതെന്തിനു, ഈ ചൂടത്തും കാറ്റത്തും ചോര നീരാക്കിയതിനു കിട്ടുമെന്നു പറഞ്ഞ തുശ്ചമായ കൂലിക്കു വേണ്ടി..നാട്ടിലെ പ്രിയപെട്ടവര്‍ക്ക് വേണ്ടി ജീവിതം ഹോമിക്കാനിറങ്ങി തിരിച്ചവര്‍ അവസാനം നാട് കടത്തപെട്ടിരിക്കുന്നു ...
പിന്നെ എങ്ങനെ ഞങ്ങള്‍ അവകാശങ്ങള്‍ക്കു വേണ്ടി പോരാടും?
വീണ്ടും ഞരമ്പിനു ചൂടു പിടിച്ചോ ? ഗുളു ഗുളു ശബ്ദത്തിനു മുകളില്‍ പക്ഷെ ശമ്പള തീയതിയും അടുത്ത ലോണ്‍ അടവു തീയതിയും ഓര്‍ത്തപ്പോള്‍ എന്റെ ചോര തണുത്തു ...
വെറുതെ നോക്കി പുഞ്ചിരിച്ചൂ എല്ലാം സമ്മതം,ഇതും ഇന്ത്യന്‍ സംസ്കാരം എന്ന മട്ടിലിരിക്കുംമ്പൊള് ഞാന്‍ മനസ്സിലോര്‍ത്തു,
അണ്ണാ നേരെ ഒരു പ്ലേനില്‍ കേറു.. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പോകു.. ചിലപ്പോള്‍ അങ്ങേക്ക് എയര്‍പോര്‍ട്ടില്‍ തന്നെ ഇരിക്കേണ്ടി വരും, കാരണം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ എല്ലാമുപേക്ഷിച്ചു സമരം ചെയുകയാവും അന്ന്.. പിന്നെ നേരെ ഏതെങ്കിലും ഒരു സിനിമ തീയറ്ററിലേക്കു പോകൂ.. അങ്ങയുടെ ഭാഗ്യത്തിന് ഒരു ക്യൂ കണ്ടാല്‍ അതില്‍, അല്ലെന്കില് അവിടെ കൂടി നില്ക്കുന്ന ആള്‍ക്കൂട്ടത്തില്‍ തള്ളി കയറാന്‍ ശ്രമിക്കു ... പിന്നെ മേലില്‍ അങ്ങ് ഞങ്ങള്‍ ഇന്ത്യക്കാരുടെ അവകാശ പോരാട്ടത്തെ കുറിച്ചു ഓര്‍ത്ത് ദുഖിക്കില്ല..
*********************************************************
രാഗം 4
*********************************************************
ഓഫീസ് വിട്ടു വീട്ടിലെത്തിയപ്പൊളേക്കു വയ്കി ..രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല..വിശന്നു കുടല് കരിയുന്ന മണം..വേഗം പോയി ചോറെടുത്തു കൊണ്ടു വന്നു TV വച്ചു അതിന് മുന്നിലിരുന്നു. ആദ്യത്തെ ഉരുള വായില്‍ വെക്കാന്‍ തുടങ്ങൂ പോളേക്കും ന്യൂസ് ഫ്ലാഷ്..
ലോകത്തെ ഭക്ഷ്യ ദാരിദ്രത്തിനു കാരണം ഇന്ത്യക്കാരുടെ തീറ്റിയാണെന്നു ...ബുഷിന്റെ വളിച്ച മോന്ത കൂടെ.
എന്റെ കൈയിലിരുന്നു പാത്രം വിറച്ചു, ഗുളു ഗുളു ശബ്ദം കൊണ്ടു ന്യൂസ് കേള്‍ക്കാന്‍ പറ്റാതായി ..പണ്ടെ തിന്നുന്ന കണക്കു പറയുന്നതെനിക്കിഷ്ടമല്ല.. എന്നെ കണ്ടാല്‍ കഴിക്കുന്ന കൂട്ടത്തിലാണെന്ന് പറയും എന്നതു കൊണ്ടല്ല കേട്ടോ ..
ഈ ലോകത്ത് ഇന്ത്യക്കാര്‍ മാത്രമെ കഴിക്കുന്നുള്ളൊ, അമേരിക്കക്കാര്‍ എല്ലാം പട്ടിണിയാണോ..കണ്ടാല്‍ പറയില്ലല്ലോ...പാവം നമ്മുടെ പ്രതിഭ ഈ ബുഷിന്റെ പകുതിയേ ഉള്ളല്ലോ..ഒന്നും കഴിക്കാതാണോ പിന്നെ ഇതുങ്ങളെല്ലാം ഇങ്ങനെയായത് ...
എന്നും 4 ഉണക്ക ബ്രഡ് ചീസും ബട്ടറും ചേര്‍ത്ത് കഴിക്കുന്നവര്‍ നോക്കുമ്പൊ നമ്മള് ഒരു തവിയില്‍ തന്നെ കുറഞ്ഞത് 50 അരിമണി എടുക്കുന്നു , സഹിക്കുമോ ?പണ്ടേതോ ബാലരമയില്‍, ഏത് പലഹാരം കണ്ടാലും ഒരെണ്ണമേ തിന്നാവു എന്ന് അമ്മ പടിപ്പിച്ചതോര്ത്തു ഇടിയപ്പത്തിന്റെ ഒരു നാരേടുക്കാന് ശ്രമിച്ച മണ്ടനെ ഓര്മ വന്നു, ബുഷിന്റെ അടുക്കളയില്‍ ഒന്നു അന്വേഷിക്കണം..ഈയിടെ എങ്ങാനും ബ്രഡിനു പകരം ഇടിയപ്പമോ ചോറോ വല്ലോം കൊടുത്തോ എന്ന് ...പുള്ളി ചിലപ്പോള്‍ ഒരു തവി ചോറിലുള്ള അരിമണികളുടെ എണ്ണം എണ്ണി, അയ്യോ അമേരിക്കക്കാര്‍ 40 ബ്രഡ് തിന്നുമ്പോ ഇത്യക്കാര്‍ 400 അരിമണി തിന്നുന്നു എന്ന് മനസ്സിലാക്കി കാണും.
പ്രിയപ്പെട്ട ബുഷെ, ഒരു കാര്യം മനസ്സിലാക്കൂ..ഇന്ത്യയിലെ മധ്യ വര്‍ഗം മുഴുവന്‍ ഇന്നോ ഇന്നലെയോ ഭക്ഷണം കണ്ടവര്‍ അല്ല..സംമ്ബത്തികസ്ഥിതി കൂടിയെ ന്നു കരുതി കപ്പയും മീനും ഉപേക്ഷിച്ചു ഹംബുര്ഗറും ചീസും മാത്രം കഴിക്കുന്നവര്‍ അല്ല ..പിന്നെ ഇന്നും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ വലയുന്ന ലക്ഷ കണക്കിന് പട്ടിണിപാവങ്ങളുണ്ട് ഞങ്ങളുടെ കൂടെ ..അവരെ താങ്കള്‍ക്കു പരിചയമേ കാണില്ല.താങ്കളുടെ ആള്‍ക്കാരുടെയും ഞങ്ങളുടെ ആള്‍ക്കാരുടെയും ഭക്ഷണ കണക്കൊക്കെ മനസ്സിലാക്കണമെങ്കില്‍ വല്ലപ്പോഴും ഏഷ്യാനെറ്റൊ കൈരളിയോ കാണൂ..എപ്പോളും ഇങ്ങനെ BBC, CNN മാത്രം കാണരുത് ...ചാനല്‍ മാറ്റണം വല്ലപ്പോഴും.
പിന്നെ ഈ എളിയ സഹോദരി വേറെ ഒരു മാര്‍ഗം പറയാം .. ഇത്രേം നാളും അമേരിക്കക്കാര്‍ എല്ലാം നല്ല ഭക്ഷണം കഴിച്ചില്ലേ ,ഇനി കുറച്ചു നാള് താഴോട്ടിറങ്ങി വരൂ..വല്ല ചോളമോ വെള്ളമോ ഒക്കെ കുടിച്ചു കുറച്ചു ഉപഭോഗം കുറക്ക് ..ലോക ഭക്ഷ്യ ക്ഷാമം തീരുമോ എന്ന് നമുക്കു നോക്കാം ..സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍..
പിന്നെ അവസാനമായി എനിക്കൊരു സംശയം..ഈ ലോകത്തെ മുഴുവന്‍ കാര്യങ്ങളും നോക്കാന്‍ എന്നെ കൊണ്ടു പറ്റില്ല, മോന് ഇവിടുത്തെ കരയിലെ കാര്യം മുഴുവന്‍ നോക്കു ഞാന്‍ സമുദ്രത്തിലെ കാര്യം മാത്രം നോക്കാം, എന്ന് ദൈവം തമ്പുരാന് താങ്കളോട് പറഞ്ഞോ..ഇതു പറയാന്‍ താങ്കളെ മോളിലോട്ടു വിളിച്ചോ അതൊ പുള്ളി വൈറ്റ് ഹൌസിലോട്ടു വന്നോ (കടപ്പാട്:അനില്‍ കപൂര്‍, വെല്‍ക്കം സിനിമ)
എന്റെ ചോര തിളച്ചു കൊണ്ടേ ഇരിക്കുന്നു.............
Wednesday, May 7, 2008
Subscribe to:
Posts (Atom)